
കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചതോടെ സുൽത്താൻ പേട്ട്, കണ്ണൂർ രൂപതകളുടെ പ്രവർത്തനം കോഴിക്കോട് അതിരൂപതയുടെ കീഴിലാകും. മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയാണ് കോഴിക്കോട്. രൂപത ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലാണ് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ്.
കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു കോഴിക്കോട് അതിരൂപതയുടെ പ്രഖ്യാപനങ്ങൾ. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ.
തൃശൂർ മാള സ്വദേശിയാണ് കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ. 2012 ലാണ് കോഴിക്കോട് രൂപതയുടെ ബിഷപ്പായി ഡോ. വർഗ്ഗീസ് ചക്കാലക്കൽ അധികാരമേറ്റത്.











